വിചിത്രജാലകം

Thursday, July 13, 2006

ജനപ്രിയ ബ്ലോഗിംഗ്‌

ഇതു ഏഴാം ദിനം.

ജാലകത്തിനപ്പുറം തകര്‍ത്തുപെയ്യുന്ന മഴ. ഇടയ്ക്ക്‌ ഈറന്‍കാറ്റില്‍ മഴത്തുള്ളികള്‍ എന്റെമേലും വീഴുന്നു. എന്നിട്ടും എന്റെ ചിന്തകള്‍ ലോമപാദന്റെ രാജ്യം പോലെ വറ്റിവരണ്ടു കിടന്നു. ദാരിദ്ര്യം.. കടുത്ത ദാരിദ്ര്യം.. ആശയദാരിദ്ര്യം. ശുഷ്ക്കമായ എന്റെ ബ്ലോഗ്‌ എന്നെനോക്കി പല്ല്ലിളിക്കുന്നു.

ഭാവനയുണര്‍ത്തുന്ന മസ്സാജറുമായി ആരും പടികടന്നുവന്നില്ല (വീണ്ടും ചില വീട്ടുകാര്യങ്ങള്‍). ആയതിനാല്‍ വൈദ്യരെ കണ്ടു. രസഗുള വിശിഷ്ടമാണത്രെ. അസ്സലായി രസികത്വം വരും. രസികത്വമാണല്ലോ ജനപ്രിയ ബ്ലോഗിംഗിന്റെ പ്രധാന ചേരുവ. (സമാന്തര [അവാര്‍ഡ്‌] ബ്ലോഗടിച്ചു ബുജിയാകാന്‍ തലയില്‍ കിഡ്നിവേണ്ടേ!) ആയതിനാല്‍ നാലഞ്ചെണ്ണം കഴിച്ചു. മറ്റുപലതും വന്നു, രസം വന്നില്ല. വരുമായിരിക്കും.

പിന്‍കുറിപ്പ്‌: ഇക്കാസ്‌ വില്ലൂസ്‌ ബ്ലോഗ്‌ ബ്ലോക്കല്‍ പ്രശ്നത്തില്‍ രസക്ഷയം സംഭവിച്ചവര്‍ ഇനിപറയും പ്രകാരം രസഗുള സേവിക്കുക. ഇക്കാസ്‌ വില്ലൂസ്‌: ഒരു ഭരണി നിറയെ (ഒരു മത്സരമായിക്കോട്ടെ); ഏവൂരാന്‍: ദിവസം രണ്ടുവീതം രണ്ടാഴ്ച (ച്യവനപ്രാശം അനുബന്ധമായി സേവിക്കാം, ശരീരക്ഷീണം കാണും); പെരിങ്ങോടന്‍സ്‌: ഒന്നുവീതം ഒരാഴ്ച; ശ്രീജിത്ത്‌, കുമാര്‍: രണ്ടുവീതം രണ്ടുദിവസം.
(ഫലം അറിയിക്കുമല്ലോ?)

Thursday, July 06, 2006

പാഠം ഒന്ന് :
ജാലകം തുറക്കുന്നു

സര്‍വ്വരാജ്യ ബ്ലോഗര്‍ക്ക്‌ വന്ദനം.

ബൂലോഗ പൈങ്കിളി മനോരമപെണ്ണു മുഖതാവിലറിയിക്കുമ്പോഴല്ലേ ഈ ബൂലോഗ സംസ്കാരത്തെപ്പറ്റി അറിയുന്നത്‌.

എന്തായാലും എഡിറ്റര്‍മാര്‍ എന്ന കശ്മലന്മാരുടെ കറുത്ത കരങ്ങളാല്‍ മലയാള ഭാഷയ്ക്കു നഷ്‌ടമായ ഒരു പ്രഗല്‍ഭന്റെ ക്രൂരകൃത്യങ്ങളാല്‍ ഇനിയിവിടം സമ്പന്നമാകും. നിങ്ങളുടെ ഇടവേളകളില്‍ ജാലകക്കാഴ്ചകള്‍ കണാന്‍ ഇവിടേയും വരിക. വരണേ..